ബ്രിസ്‌ബേൻ സെൻറ് തോമസ് സിറോ മലബാർ ഇടവകക്ക് സ്വന്തമായി ദേവാലയമായി

ബ്രിസ്‌ബേൻ: മെൽബൺ രൂപതെയുടെ കീഴിൽ ബ്രിസ്‌ബേൻ സൗത്ത് ആസ്ഥാനമായി 2013 ഇൽ രൂപം കൊണ്ട സെൻറ് തോമസ് സിറോ മലബാർ ഇടവകാംഗങ്ങളുടെ ‘സ്വന്തമായി ഒരു ദേവാലയം’ എന്ന സ്വപ്നം സാഷാത്കരിക്കപ്പെടുന്നു. ഹിൽക്രെസ്റ് ലൂഥറൻ സഭ  വക 108 -112 middle road എന്ന വസ്തുവിലുള്ള പള്ളിയും അതോടനുബന്ധിച്ചുള്ള  4  ഏക്കർ സ്ഥലവും ഇടപാടുകൾ പൂർത്തിയാക്കി സെൻറ് തോമസ് ഇടവക ബ്രിസ്‌ബേൻ സൗത്ത് സ്വന്തമാക്കി . ഇക്കഴിഞ്ഞ നവംബർ മാസം 29 -ആം തിയതിയാണ് ഔദ്യോഗികമായി ഇടവകയ്ക്ക് ദേവാലയം സ്വന്തമായത്.

 

ഇടവക വികാരി വാവോലിൽ അച്ചന്റെ കീഴിൽ ഇടവകയുടെ നടത്തു കൈക്കാരൻ ശ്രീ തോമസ് കാച്ചപ്പിള്ളി, ചർച് ഡെവലപ്മെന്റ് കമ്മിറ്റി കൺവീനർ ശ്രീ റജി  ജോസഫ് , ജോയിന്റ് കൺവീനർ സോണി കുരിയൻ എന്നിവരുടെ നേതൃത്വത്തിൽ 21 ഓളം പാരിഷ് കൌൺസിൽ അംഗംങ്ങളും 54 ഓളം ചർച് ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങളും ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ സ്വപ്നതുല്യമായ ലക്ഷ്യ സാക്ഷാത്കാരം.

ബ്രിസ്‌ബേൻ സൗത്ത് ഇടവകയേ സംബന്ധിച്ചേടത്തോളം ഇതൊരു ചരിത്ര നേട്ടമാണെന്നത് എടുത്തു പറയേണ്ട ഒന്നാണ്. മെൽബൺ രൂപതെയുടെ കിഴിലുള്ള ആസ്ട്രേലിയയിലെ  വിവിധ ഇടവകകൾ ദേവാലയ നിർമാണത്തിനായി സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും രൂപതയിലെ ആദ്യത്തെ ദേവാലയം സ്വന്തമാക്കാൻ ദൈവം തിരഞ്ഞെടുത്തത് ബ്രിസ്‌ബേൻ സൗത്ത് ഇടവകയെ ആണെന്ന് പറയാതെ വയ്യ. 2013 – ൽ ഓസ്‌ട്രേലിയയിൽ സിറോ മലബാർ  രൂപത സ്ഥാപിതമായതിനു ശേഷം   ഇടവക രൂപീകരണം നടന്നപ്പോൾ രൂപതയിലെ ആദ്യത്തെ ഇടവക ആയി തീരുവാനുള്ള ഭാഗ്യവും  ബ്രിസ്‌ബേൻ ഇടവകക്കുണ്ടായി. സെൻറ്  തോമസ് ഇടവകയുടെ അന്നത്തെ വികാരി . ഫാദർ പീറ്റർ കാവുംപുറം  തുടങ്ങി വെച്ച ‘ സ്വന്തമായ ഇടവക ദേവാലയം ‘ എന്ന ആശയം പുതിയ വികാരി ആയി ചുമതലയേറ്റ വാവോലിൽ അച്ഛനും പള്ളി കമ്മിറ്റി അംഗങ്ങളും ചർച് ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങളും തുടരുകയായിരുന്നു. ഈ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ച കാവുംപുറത്തച്ചനെയും ഇടവകക്കാർ ഈയവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.

 

2.25 മില്യൺ ഡോളറിനു സ്വന്തമാക്കിയ പ്രസ്‌തുത വസ്തുവിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ചൈൽഡ് കെയർ സെന്ററും ഇടവക വികാരിക്ക് താമസ യോഗ്യമായ അഞ്ച് ബെഡ്റൂം ഉള്ള നല്ല ഒരു വീടും ഉണ്ട് . ഒരു വലിയ പള്ളിയും ഓഡിറ്റോറിയവും നിർമ്മിക്കാനുള്ള സിറ്റി കൌൺസിൽ അംഗീകാരം നിലവിൽ  ഉള്ള ഈ സ്ഥലം ഇടവകയ്ക്ക് കിട്ടിയ ദൈവിക ദാനമാണെന്നാണ് ഇടവക ജനങ്ങൾ വിശ്വസിക്കുന്നത്.

ഇടവകക്കുണ്ടായ ഈ നേട്ടത്തിൽ  ദൈവത്തിനു നന്ദി പറയുവാൻ ഇടവകാംഗങ്ങൾ ഡിസംബർ മാസം 2 ആം തിയതി പുതിയ ദേവാലയത്തിൽ ഒത്തുചേരുകയുണ്ടായി. അംഗങ്ങൾ കൊണ്ടുവന്ന മധുരപലഹാരങ്ങൾ പങ്കുവച്ചും കൊന്ത ചൊല്ലിയും ഇടവകാംഗങ്ങൾ സന്തോഷം പങ്കുവച്ചു.ഈ ചരിത്രനേട്ടത്തിന്‍റെ  നാൾവഴികളിൽ വിശ്വസ്വ തീഷ്ണതയിൽ നിരന്തരം പ്രാർത്ഥിക്കുകയും  ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെ മാധ്യസ്ഥം അപേക്ഷിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത എല്ലാ ഇടവകാംഗങ്ങൾക്കും ഇടവക വികാരി ഫാദർ വര്ഗീസ് വാവോലിൽ നന്ദി അറിയിക്കുകയും ചെയ്തു. ഇടവകാംഗങ്ങൾ എലാവരും ഒരേ മനസ്സോടെ ഇടവകയോട് ചേർന്ന് നിന്നതു കൊണ്ട് മാത്രമാണ് ഈ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായൊരു ദേവാലയം എന്ന സ്വപ്നം നേടുവാൻ കഴിഞ്ഞതെന്നും വാവോലിൽ അച്ഛൻ അനുസ്മരിപ്പിച്ചു. ഈ സഹകരണം തുടർന്നും ഉണ്ടാവണമെന്നും അതിനെല്ലാമുപരി എല്ലാ ദിവസവും ദേവാലയത്തെയും ഇടവക ജനങ്ങളെയും സന്ധ്യപ്രാത്ഥനകളിൽ സമർപ്പിച്ചു പ്രാത്ഥിക്കണമെന്നും അച്ചൻ ആവശ്യപ്പെട്ടു.

 

 

ഇടവകയുടെ നിരവധി പ്രവര്ത്തനങ്ങളിൽ രൂപതാ ചട്ടങ്ങൾക്കനുസരിച്ചു മാർഗ്ഗനിർദേശങ്ങൾ നൽകുകയും ഇടവകക്ക് ‘സ്വന്തമായ ദേവാലയം’ എന്ന ആശയത്തെ പ്രോസാഹിപ്പിക്കുകയും  ചെയ്ത അഭിവന്ദ്യ പിതാവ് ബോസ്കോ പുത്തൂരിനും , രൂപതാ വികാരി ജനറാൾ ഫാദർ ഫ്രാൻസിസ് കൊലെഞ്ചേരിക്കും ചാൻസലർ മാത്യു അച്ഛനും പാരിഷ് പാസ്റ്ററൽ കൌൺസിൽ ഇടവകക്കുണ്ടായ ഈ നേട്ടത്തിൽ നന്ദി അറിയിച്ചു.

 

വാർത്ത  : ടോം ജോസഫ്