കേരളത്തെ ഭീതിയിലായ്ത്തി ഓഖി ചുഴലിക്കാറ്റ് ! ജാഗ്രതാ നിർദേശം

തിരുവനന്തപുരം∙ കന്യാകുമാരിക്കു സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടർന്നു കേരളത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ. കന്യാകുമാരി, നാഗർകോവിൽ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടവുമുണ്ടായി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്. അതിശക്തമായ മഴയ്ക്കു സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി. ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്.

ഇടുക്കിയിൽ വൻ പേമാരി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ്‌ സ്കൂൾ മഴയിൽ തകർന്നു. പുളിയന്മലയിൽ 11 കെവി ഒടിഞ്ഞു ജീപ്പിനു മുകളിൽ വീണു. ഒരാൾക്കു ഗുരുതര പരുക്കേറ്റു. അമയാർ ഇരട്ട പാലത്തിനു സമീപം വാഹനത്തിനു മുകളിലേക്കു 11 കെവി പോസ്റ്റു വീണു ഡ്രൈവർക്കു പരുക്കുണ്ട്. പല ഭാഗത്തും ചുഴലി കൊടുംകാറ്റ് അടിച്ചു കൊണ്ടിരിക്കുകയാണ്. ഉടുമ്പന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലേക്കുള്ള ടൂറിസ്റ്റുകൾ ഇന്നും നാളെയും യാത്ര ഒഴിവാക്കുക. കോട്ടയത്തും രാവിലെ മുതൽ മൂടികെട്ടിയ അന്തരീക്ഷവും മഴയുമാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ വൈകുന്നേരം ആറു മുതൽ രാവിലെ ഏഴുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്നുച്ചയ്ക്ക് 12നു ശേഷം തിരുവനന്തപുരം ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ നിർത്താതെ തുടരുകയാണ്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.

വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം മരം വീണ് ഒരാൾക്കു പരുക്കേറ്റു. മൂന്നു വാഹനങ്ങൾക്കു നാശം സംഭവിച്ചു. കാറ്റിലും മഴയിലും പാറശാലയിലെ സ്കൂള്‍ ഉപജില്ലാ കലോല്‍സവവേദിയുടെ മേല്‍ക്കൂര തകര്‍ന്നു. അംബൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായി. പൊൻമുടി അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലക്കുള്ള യാത്ര നിരോധിച്ചു. ജില്ലയിലെ എല്ലാ താലൂക്കിലും കൺട്രോൾ റൂം തുറന്നു.

കനത്ത മഴയെ തുടർന്നു കൊല്ലം – തിരുമംഗലം ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള പല പ്രദേശങ്ങളിലും റോഡിലേക്കു മരം വീണു. മേഖലയിൽ വൈദ്യുതി ബന്ധവും തകരാറിൽ. തെന്മല പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് കൂടി. ‌ഡാം ഏതു നിമിഷവും തുറന്നു വിടാൻ സാധ്യതയുണ്ട്. കല്ലടയാറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കടലും പ്രക്ഷുബ്ധമാണ്. മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിർദേശം നൽകി. കനത്ത മഴയെ തുടർന്നു ചില ട്രെയിനുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. ചിലത് റദ്ദാക്കി