നടനും മിമിക്രി താരവുമായ അബി അന്തരിച്ചു

കൊച്ചി∙ പ്രമുഖ മലയാള നടനും മിമിക്രി താരവുമായ അബി (52) അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്നു ദീർഘനാളായി ചികിൽസയിലായിരുന്നു. ഭാര്യ സുനില. മക്കൾ: ഷെയ്ൻ നിഗം, അഹാന, അലീന.

മലയാളത്തിൽ മിമിക്രി കസെറ്റുകൾക്കു സ്വീകാര്യത നൽകിയ അബി അൻപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘തൃശ്ശിവപേരൂർ ക്ലിപ്ത’മാണ് അവസാന സിനിമ. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഹബീബ് അഹമ്മദ് എന്നാണു യാഥാർഥ പേര്.

കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു. മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്‌സ് ആക്‌ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.