പ. പാത്രിയർക്കീസ് ബാവ മെൽബണിലെ യാക്കോബായ, ക്നാനായ ഇടവകാംഗങ്ങളെ സന്ദർശിക്കുന്നു

മെല്‍ബണ്‍: പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിൻഗാമിയായി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന ഇടയന്മാരുടെ ഇടയൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ തന്‍റെ ഓസ്‌ട്രേലിയ ശ്ലൈഹീക സന്ദർശന മദ്ധ്യേ മെൽബൺ പ്രദേശത്തുള്ള സിറിയൻ ഓർത്തഡോക്സ് പള്ളികളുടെ കീഴിലുള്ളതും യാക്കോബായ സഭയുടെയും ക്നാനായ സഭയുടെയും പള്ളികളുടെ കീഴിലുള്ളതുമായ ആത്മീയ മക്കളെ സന്ദർശിക്കുന്നതിന് മെൽബൺ എയർപോർട്ടിൽ നവംബര്‍ 8-ന് എത്തിയപ്പോൾ ഈ സഭകളിലെ വൈദികരും ഇടവകജനങ്ങളും ചേർന്ന് സ്വീകരിച്ചു.

 

പരിശുദ്ധ പിതാവ് വിക്ടോറിയ സംസ്ഥാനത്തെ മെൽബൺ സിറ്റിയിലുള്ള (419 സെന്റർ ഡാൻഡിനോങ്ങ് റോഡ്, ഹെതർട്ടൺ) സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയം സന്ദർശിക്കുന്നതിനായി നവംബർ 11-നു 11:00 മണിക്ക് എത്തിച്ചേരുമ്പോൾ ഈ പള്ളിയും, കൂടാതെ സെന്റ് മേരിസ് ഫ്രാങ്ക്സ്റ്റൻ, സെന്റ് മേരിസ് ഷെപ്പെർട്ടൻ, സെന്റ് തോമസ് ക്രേഗീബൺ, സെന്റ് പീറ്റർസ് ക്‌നാനായ ഹൈഡൽബർഗ് എന്നീ ഇടവകകളും സംയുക്തമായി ഒരു വൻ സ്വീകരണമാണ് നല്‍കുന്നത്. കുരുത്തോലകൾ, കൊടികൾ, മുത്തുക്കുടകൾ കുരിശുകൾ തുടങ്ങി തനി കേരളീയ തനിമയിൽ വൈദീകരും ജനങ്ങളും ഒത്തൊരുമിച്ചു ഹൃദ്യമായി ആലപിക്കുന്ന തോബ്‌ ശ്ലോമോ ഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തങ്ങളുടെ ഇടയശ്രേഷ്ഠനും മഹാപുരോഹിതനുമായ പരിശുദ്ധ പിതാവിനെ സ്വീകരിക്കും.

 

വിശുദ്ധ ദേവാലയത്തിലെ പരിശുദ്ധനായ മോർ ഗീവർഗീസ് സഹദായുടെയും ദൈവമാതാവായ വിശുദ്ധ കന്യക മറിയാമിന്റെയും മലങ്കരയുടെ മഹാപരിശുദ്ധനായ മോർ ഗ്രിഗോറിയോസിന്റെയും നാമത്തിലുള്ള ബലിപീഠങ്ങളിൽ പരിശുദ്ധ പിതാവ് ധൂപാർപ്പണം നടത്തുകയും ശേഷം ദേവാലയത്തെയും സദസ്സിനെയും ശ്ലൈഹീക വാഴ്വ് നൽകി അനുഗ്രഹിക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പ്രഭാഷണം നടത്തി പരിശുദ്ധ പിതാവ് ഭക്തജനങ്ങളെ അനുഗ്രഹിക്കും. അതിനുശേഷം, വന്നു ചേരുന്ന എല്ലാവർക്കുമായി ഒരു സ്നേഹവിരുന്നും ഒരുക്കിയിരിക്കുന്നു.

 

2016 ഒക്ടോബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൂദാശകര്‍മ്മം നടത്തി ആരാധന നടത്തിവരുന്ന സെന്റ്‌ ജോര്‍ജ് ദേവാലയം ശില്പമനോഹരസൃഷ്ടിയായി പ്രകൃതി സൌന്ദര്യം നിറഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുമ്പോള്‍ മോര്‍ ബസേലിയോസ് യല്‍ദോ ബാവായുടെ നാമത്തിലുള്ള കല്‍ക്കുരിശ് ഒരു തിലകക്കുറിയായി ശോഭിക്കുന്നു.

 

പരിശുദ്ധ പിതാവിന്‍റെ ഈ ശ്ലൈഹിക സന്ദര്‍ശനം എല്ലാവര്‍ക്കും ഈ പ്രദേശത്തിനും അനുഗ്രഹത്തിനും ഐശ്വര്യത്തിനുമായി ഭവിക്കുവാന്‍ ഇടവക മെത്രാപോലിത്ത മോര്‍ യുഹാനോന്‍ മിലിത്തിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളിലെയും ഭക്തജനങ്ങളും ഭരണസമിതിയും ഭക്തസംഘടനകളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

 

 വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍