പ്രശസ്ത സംവിധായകൻ ഐ.വി. ശശി അന്തരിച്ചു

ചെന്നൈ∙ പ്രശസ്ത സംവിധായകൻ ഐ.വി. ശശി (69) അന്തരിച്ചു. ശ്വാസം മുട്ടലിനെത്തുടർന്നു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതി- നിടെയായിരുന്നു അന്ത്യം. മൃതദേഹം ചെന്നൈ വടപളനിയിലെ വീട്ടിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10-ന് ചെന്നൈയിൽ നടക്കും. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വാണിജ്യ സിനിമകളിൽ പുതുവഴി തെളിച്ച ഐ.വി. ശശി നടൻമാരെ സൂപ്പർ താരങ്ങളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച സംവിധായകനാണ്. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015-ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കൾ: അനു, അനി.

1968-ൽ എ.വി.രാജിന്‍റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982- ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവ സ്വന്തമാക്കി. ഉത്സവം ആണ് ആദ്യചിത്രം. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി.

ഇരുപ്പം വീട് ശശിധരൻ എന്നാണ് മുഴുവൻ പേര്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണു സിനിമയിലെത്തിയത്. ഛായാഗ്രഹണ സഹായിയായി തുടങ്ങിയ ശശി പിന്നീട് സഹ സം‌വിധായകനായി. ഉത്സവത്തിനു ശേഷം റിലീസായ അവളുടെ രാവുകൾ മലയാള ചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു. പിന്നീട് ജീവിത പങ്കാളിയായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകൾ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളിൽ ഇവർ ഒരുമിച്ചു പ്രവർത്തിച്ചെന്ന റെക്കോർഡുമുണ്ട്.