ഓസ്ട്രേലിയൻ സെൻസസിൻറെ ആദ്യഘട്ട വിശദാംശങ്ങൾ പുറത്തുവന്നു, മതമില്ലാത്തവർ ഏറ്റവും വലിയ വിഭാഗം

2016-ല്‍ നടന്ന സെൻസസിൻറെ ആദ്യഘട്ട വിശദാംശങ്ങൾ ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടു. 2.40 കോടിയോളമാണ് ഓസ്ട്രേലിയയിലെ ജനസംഖ്യ. ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി(ACT) യാണ് ഏറ്റവുമധികം ജനസംഖ്യാ വർദ്ധനവ് ഉണ്ടായിരിക്കുന്ന പ്രദേശം. 2011-നേക്കാൾ 8.8 ശതമാനം വർദ്ധനവാണ് മൊത്തം ജനസംഖ്യയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയിൽ നിന്ന് കുടിയേറിയെത്തിയവർ ഇതില്‍ 1.9 ശതമാനമാണ്. 2011-ൽ ഇത് 1.4 ശതമാനമായിരുന്നു. ഓസ്ട്രേലിയയിൽ തന്നെ ജനിച്ച രണ്ടാം തലമുറ ഇന്ത്യൻ വംശജർ ഉൾപ്പെടാതെയുള്ള കണക്കാണ് ഇത്. 2011 നും 2016-നും ഇടയിൽ 13 ലക്ഷത്തോളം പുതിയ കുടിയേറ്റക്കാർ ഓസ്ട്രേലിയയിലേക്ക് എത്തി എന്നാണ് കണക്കുകൾ. ഇതിൽ 1,91,000 പേർ ചൈനയിൽ നിന്നും 1,63,000 പേർ ഇന്ത്യയിൽ നിന്നുമാണ്.

മതാടിസ്ഥാനത്തില്‍ ഉള്ള കണക്കെടുപ്പില്‍ ഓസ്ട്രേലിയയിൽ മതമില്ലാത്തവർ ഏറ്റവും വലിയ വിഭാഗം ആയി മാറി. 2011ൽ മൊത്തം ജനസംഖ്യയുടെ 22.6 ശതമാനമായിരുന്നു മതവിശ്വാസമില്ലാത്തവർ. ഇതിലാണ് ഏഴു ശതമാനത്തിൻറെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 2016-ലെ സെൻസസ് റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 29.6 പേരാണ് ഒരു മതത്തിലും വിശ്വസിക്കാത്തവർ.

2011ൽ രാജ്യത്തെ ജനസംഖ്യയുടെ 61% പേർ ക്രൈസ്തവ വിശ്വാസികളായിരുന്നെങ്കിൽ, ഇത്തവണ 51 ശതമാനം മാത്രമാണ് അത്. ഓസ്ട്രേലിയൻ സെൻസസിൽ കത്തോലിക്കാ വിശ്വാസികളുടെയും മറ്റു ക്രൈസ്തവ വിശ്വാസങ്ങളിലുള്ളവരുടെയും കണക്കുകൾ വ്യത്യസ്ത മതങ്ങളായാണ് രേഖപ്പെടുത്തുന്നത്. കത്തോലിക്കരുടെ എണ്ണം 25 ശതമാനത്തിൽ നിന്നും 23 ശതമാനമായി ഇടിഞ്ഞു. ആഗ്ലിക്കന്‍ വിശ്വാസികള്‍ 13.3 ശതമാനവും, മറ്റുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ 16.3 ശതമാനവും ആയി.

എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും എണ്ണം കുറഞ്ഞപ്പോൾ, ഇസ്ലാം, ഹൈന്ദവ മതങ്ങളിൽ വിശ്വസിക്കുന്നവരുടെ എണ്ണം നേരിയ തോതിൽ വർദ്ധിച്ചു. ഇസ്ലാം 2.2% ൽ നിന്ന് 2.6% ആയും, ഹിന്ദുമതം 1.3% ൽ നിന്ന് 1.9% ആയുമാണ് വർദ്ധിച്ചത്. ബുദ്ധമത വിശ്വാസികള്‍ 2.5 % ൽ നിന്ന് 2.4% ആയി. സിക്ക് വംശജര്‍ 0.5 ശതമാനവും ജൂതന്മാര്‍ 0.5 ശതമാനവും ഓസ്ട്രേലിയയില്‍ ഉണ്ട്.