ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല

മുപ്പത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാണിയും കൂട്ടരും  യു.ഡി.എഫുമായുള്ള ബന്ധം ഉപേക്ഷിച്ചു പടിയിറങ്ങിയപ്പോള്‍ ഇങ്ങനെ പെരുവഴിയില്‍ നില്‍ക്കാനാണ് എന്ന് ആരും കരുതിയില്ല. പണ്ട് കോണ്‍ഗ്രസിനെതിരെ  വിമതശബ്ദമുയര്‍ത്തി കെ.എം. ജോര്‍ജ്ജ് എന്ന അതികായന്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടി പിന്നീട്  മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരെയും അവരുടെ മെത്രാന്‍മാരെയും കൂട്ടുപിടിച്ച് കേരളരാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി മാറി. കെ.എം. ജോര്‍ജ്ജിന്‍റെ  കാലശേഷം കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസിലെ പ്രധാനഗ്രൂപ്പായി കഴിഞ്ഞ രണ്ടു ദശാബ്ദമായി കോണ്‍ഗ്രിന്‍റെ  സഖ്യകക്ഷിയായി, കോണ്‍ഗ്രസിനെ തന്നെ നിയന്ത്രിക്കുന്ന ശക്തിയായി വളരുകയും ചെയ്തു.ഇക്കാലയളവില്‍ കേരള കോണ്‍ഗ്രസ്‌ വളരുകയും പിളരുകയും ഒക്കെ ചെയ്തെങ്കിലും ഇങ്ങനെയോരവസ്ഥ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. യു.ഡി.എഫില്‍ നിന്ന് പുറത്തുപോകുകയും ചെയ്തു, എല്‍.ഡി.എഫിലോ എന്‍.ഡി.യിലോ  കേറി പറ്റിയതുമില്ല.ഇനി അക്കാര്യത്തില്‍ എന്ത് രാഷട്രീയ അടവു നയമാണ് മാണി എന്ന തന്ത്രശാലി പയറ്റാന്‍ പോകുന്നത് എന്നാണ് കണ്ടറിയാനുള്ളത്. കയ്യാലപ്പുറത്തെ നാളികേരം പോലെ ഇരിക്കുന്ന മാണിയെ ആർക്കു വേണമെങ്കിലും നല്ല ഓഫർ കൊടുത്തു കൂടെ നിറുത്താന്‍ പറ്റുന്ന അവസ്ഥയാണ്.

യു.ഡി.എഫിന്‍റെ  രൂപീകരണം മുതലുള്ള ബന്ധമാണ് മാണി യാതൊരു ന്യായീകരണവുമില്ലാതെ ഉപേക്ഷിച്ചത്. അന്നു മുതല്‍ കെ.എം മാണിയും കൂട്ടരും എല്‍ഡിഎഫിലെത്തിയേക്കുമെന്ന അഭ്യൂഹവും  ശക്തമാണ്. മുന്നണി സംവിധാനം സജീവമായി നിലനില്‍ക്കുന്ന കേരളത്തില്‍ ഒരു മുന്നണിയിലും ഉള്‍പെടാതെ ഒറ്റക്കു നില്ക്കാന്‍ കഴിയില്ല എന്ന് മാണിക്കുമറിയാം. കഴിഞ്ഞ മാസം നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ചുവടുമാറ്റം ഈ ദിശയിലേക്കുള്ള മാണിയുടെ പുറപ്പാടാണ്. എന്നാല്‍ 91 അംഗങ്ങളുമായി നിയമസഭയിലിരിക്കുന്ന ഇടതുമുന്നണിക്കാവട്ടെ മാണിയെ എടുക്കേണ്ട അത്യാവശ്യമില്ല, മാത്രമല്ല മാണിയെ എടുത്താല്‍ സി.പി.ഐ ചിലപ്പോള്‍ മറുകണ്ടം ചാടാനും ഇടയുണ്ട്. ബി.ജെ.പി.യാവട്ടെ കേരളത്തില്‍ ആരെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെങ്കിലും  എന്‍.ഡി.എയില്‍ കയറുന്നത് മാണിക്ക് അത്ര ശുഭാകരമാവില്ല. മകന്‍ ജോസ് കെ.മാണിക്ക് കേന്ദ്രമന്ത്രിസഭയില്‍ പേരിനു ഒരു പദവി കിട്ടിയേക്കും,പക്ഷേ കൂടെയുള്ള ജോസഫ്‌ ഉള്‍പെടയുള്ള നേതാക്കളും അണികളും പാര്‍ട്ടി വിട്ടേക്കും. അരമനയും മെത്രാന്മാരും കൂടെ ഉണ്ടാവും എന്നുറപ്പില്ല. അങ്ങനെ ഒരാവേശത്തില്‍ വലിയ പ്രഖ്യാപനങ്ങളും വെല്ലുവിളികളും ഒക്കെ നടത്തി യു.ഡി.എഫ്.വിട്ട കെ.എം. മാണി ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ മാണി ഈ അടവു നയവും സമദൂരവും തുടര്‍ന്നേക്കും. അന്ന് വരെ വിലപേശാനുള്ള കഴിവ് നഷ്ടപെടാതിരിക്കാന്‍ കൂടെയുള്ളവരെ എങ്ങനെയും കൂടെ നിറുത്തും. ഇപ്പോഴത്തെ അവസ്ഥയില്‍  പി.ജെ ജോസഫിന്‍റെ  മനസ്സുകൂടി അറിഞ്ഞേ കെ.എം. മാണി തീരുമാനമെടുക്കൂ. അതിനാലാണ് , ബി.ജെ.പി വാതില്‍ തുറന്നിട്ടിട്ടും കയറാത്തത്.മാത്രമല്ല രൂപതകളേയും അരമനകളേയും വിശ്വാസത്തില്‍ എടുക്കുകയും വേണം. അതോടൊപ്പം മാണിയെ കിട്ടിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം സൃഷ്ടിക്കാന്‍ കഴിയുമെന്ന സി.പി.എമ്മിന്‍റെ വിചാരവും മാണിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനുതൊട്ട് മുമ്പ് യുഡിഎഫ് സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ട് വന്ന് മാണിയെ എല്‍ഡിഎഫ് മുഖ്യമന്ത്രിയാക്കുമെന്നൊക്കെ ശ്രെമിച്ചിരുന്നു എന്ന വാര്‍ത്തകള്‍ ഒക്കെ ഇപ്പോള്‍ പുറത്ത് വന്നു കഴിഞ്ഞു. മാത്രമല്ല ബാര്‍ കോഴകേസിലും അഴിമതി കേസുകളില്‍ നിന്നും ഒക്കെ തല്ക്കാലം മോചനം കിട്ടാന്‍ മാണിക്ക് സി.പി.എം. ബാന്ധവം പ്രയോജനപെടും.ഇനി അടുത്ത  ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണി യു.ഡി.എഫില്‍ ചേരാന്‍ വീണ്ടും വിചാരിച്ചാല്‍ ഒരു കോണ്ഗ്രസ്കാരനും എതിരും നില്‍ക്കില്ല, നിന്നാല്‍ തന്നെ ഹൈക്കമാന്‍ഡ് എന്ന ഉമ്മാക്കി കാട്ടി നേതാക്കളെ ആന്റണി തന്നെ മെരുക്കും.ഇനി അതുമല്ലെങ്കില്‍ ക്രൈസ്തവ സഭകള്‍ ഇടയലേഖനം ഇറക്കി കോണ്ഗ്രസിനെ വരുതിയിലാക്കും. ഇതൊക്കെയായിരിക്കും മാണിയുടെ കണക്കു കൂട്ടലുകള്‍. എന്തായാലും ലോക് സഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുള്ളതിനാല്‍ ,മാണിക്ക് തല്ക്കാലം പെരുവഴിയില്‍ തന്നെ നില്‍ക്കാം.

വാല്‍ക്കഷണം:  ബാലകൃഷ്ണ പിള്ളക്ക് കാബിനറ്റ്‌ പദവി കൊടുത്ത് അച്യുതാനന്ദന്‍റെ തൊട്ടടുത്ത് ഇരുത്താമെങ്കില്‍ മാണിയുടെ ബജറ്റ് അവതരണത്തില്‍ താണ്ഡവ  നൃത്തമാടിയ ശിവന്‍കുട്ടിയും മാണിയും പാര്‍ട്ടി വേദിയില്‍ ഒരുമിച്ച് ഇരിക്കുന്ന കാഴ്ച്ചയും വിദൂരമല്ല