എതിരാളികള്‍ ഇല്ലാതെ

എതിരാളികള്‍ ഇല്ലാത്ത മത്സരം പോലെയാണ് ഇപ്പോള്‍ മോദിയുടെ തേരോട്ടം. ഇത്തരത്തില്‍ സുഗമമായി കാര്യങ്ങള്‍ പോകുകയാണെങ്കില്‍ മോദിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. പാളയത്തിനു പുറത്തും പാളയത്തിനുള്ളിലും എതിരാളികള്‍ ഇല്ല എന്നതാണ് മോദിക്ക് ആശ്വാസം. ഭരണത്തിന്‍റെയും  പാര്‍ട്ടിയുടെയും അവസാന വാക്ക് ഇപ്പോള്‍ മോദി മാത്രം. 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും  അധികാരത്തിലെത്തുമെന്നും മോദി രണ്ടാം വട്ടം പ്രധാനമന്ത്രിയാവുമെന്നുമാണ് നിരീക്ഷണമെന്ന് ഗ്ളോബൽ ടൈംസ് പോലും വ്യക്തമാക്കുന്നു.

ഉത്തർപ്രദേശുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ഉജ്ജ്വല വിജയവും , ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞതും,ഡല്‍ഹിയില്‍ അവരുടെ മൂക്കിനു താഴെ മുന്‍പ് അവരെ ഞെട്ടിച്ച കേജരിവാളിനെ ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഒതുക്കി മൂലക്കിരുത്തിയതും, ജയലളിതയുടെ അഭാവത്തില്‍ വരും നാളുകളില്‍ തമിഴ്‌നാട്‌ പിടിക്കാന്‍ ഒരുക്കിയ തന്ത്രങ്ങളും എല്ലാം ബി.ജെ.പിയെയും മോദിയെയും കൂടുതല്‍ കരുത്തരാക്കി. ആകെയുള്ള സീറ്റിന്‍റെ  മൂന്നില്‍ രണ്ടും പിടിച്ച് ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയപ്പോള്‍  തന്‍റെ  ജനപ്രീതിക്കും വ്യക്തിപ്രഭാവത്തിനും കുറവൊന്നും വന്നിട്ടില്ലെന്ന് മോദി തെളിയിച്ചു. ഇതുവരെ ബിജെപി ജയിച്ചിട്ടില്ലാത്തതും  കയറിച്ചെല്ലാനാവില്ലെന്ന് കരുതിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോലും അടുത്ത ഭരണം ബിജെപിയുടേതാകുമെന്ന വിശ്വാസം വളര്‍ന്നു കഴിഞ്ഞു.കേന്ദ്രത്തില്‍  മുഖ്യ എതിരാളികള്‍ ആകേണ്ടിയിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഏറെക്കുറെ പ്രാദേശിക പാര്‍ട്ടി ആയികഴിഞ്ഞു. പാളയത്തിനുനുള്ളില്‍ വിമത സ്വരം കേള്‍പ്പിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന നേതാക്കള്‍ അയോധ്യകേസില്‍ സമീപ കാലത്തുണ്ടായ സുപ്രീം കോടതി വിധി മൂലം ഒതുങ്ങി അല്ലെങ്കില്‍ സി.ബി.ഐയെ കൊണ്ട് ഒതുക്കി. അങ്ങനെ പാര്‍ട്ടിക്ക് പുറത്തും അകത്തും എതിരാളികള്‍ ഇല്ലാതെ മോദി കളം നിറഞ്ഞു കളിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യ കണ്ടതില്‍ ഏറ്റവും കരുത്തനായ പ്രധാനമന്ത്രി എന്ന പ്രതിഛായ നേടിയെടുക്കുവാന്‍ മോദിക്കായി. ഇന്ത്യയില്‍ മാത്രമല്ല പുറത്തുള്ള രാജ്യങ്ങളിലും ഇന്ത്യയുടെ വില മനസ്സിലാക്കിക്കൊടുക്കാന്‍  പ്രധാനമന്ത്രിക്കായി. മോദി അധികാരത്തിലെത്തിയതിന് ശേഷം നടന്ന   നിയമസഭാ തിരഞ്ഞെടുപ്പുകളില്‍  ബീഹാറും ഡല്‍ഹിയും ഒഴികെ  ബാക്കിയെല്ലായിടത്തും അത്ഭുതപ്പെടുത്തുന്ന വിജയമാണ്  അദ്ദേഹത്തിന്‍റെ  കീഴില്‍ പാര്‍ട്ടി നടത്തിയത്.  ഈ വിജയങ്ങള്‍ മൂലം രാജ്യസഭയിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.മാത്രമല്ല  ജൂലെയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ആഗ്രഹിക്കുന്ന ആളെ രാഷ്ട്രപതിയാക്കുവാന്‍ ബിജെപിക്ക് കഴിയും. അങ്ങനെയെങ്കില്‍ സ്വത്രന്ത ഇന്ത്യയില്‍ ആദ്യമായി ഒരു ബി.ജെ.പി അനുഭാവി രാജ്യത്തിന്‍റെ പ്രഥമ പൌരനാകും. ഇത് മോദി സര്‍ക്കാരിന്‍റെ  മൂന്നാം വര്‍ഷം തികയുമ്പോഴുള്ള വലിയ നേട്ടമായിതീരും.

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഏറെ നാള്‍ തുടര്ന്നേക്കും. 2019- ലെ തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാകാന്‍ ഇന്നത്തെ നിലയില്‍ സാഹചര്യമില്ല. നോട്ട് നിരോധനവു ,ഗോ വധ നിരോധനവും  ഒന്നും ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാധിച്ചില്ല എന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണം.2019-ലെ  ലോക്‌സഭ തിരഞ്ഞെടുപ്പിനായി ബിജെപി തയ്യാറെടുത്തുകൊണ്ടിരിക്കെ ഒരു മത്സരം കഴ്ച്ചവയ്ക്കണമെങ്കില്‍ കൂടി  പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക്  പിന്നാലെ സംസ്ഥാനങ്ങളില്‍  എതിരാളികളെ നിഷ്പ്രഭരാക്കുന്ന മോദി ബ്രാന്റിന്‍റെ കരുത്തിലും അമിത് ഷായുടെ  തന്ത്രങ്ങളിലും ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തില്‍ തുടരാന്‍ ബി.ജെ.പിക്ക് നിഷ്പ്രയാസം കഴിഞ്ഞേക്കും.

വാല്‍ക്കഷണം:  ഓരോ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വരാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പിന്‍റെ  തന്ത്രങ്ങള്‍ ഒരുക്കാന്‍ ബി.ജെ.പി  തുടക്കം കുറിക്കുമ്പോള്‍ , പ്രതിപക്ഷമായ കോണ്‍ഗ്രസ്‌  തിരെഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റികള്‍  രൂപീകരിക്കും. ഇപ്പോഴത്തെ പാര്‍ലമെന്‍ററില്‍ പ്രതിപക്ഷ നേതാവിന്‍റെ  സ്ഥാനം ഇല്ലായെങ്കില്‍ അടുത്ത  പൊതുതിരെഞ്ഞെടുപ്പ് കഴിയുമ്പോള്‍, ഇക്കണക്കിനാണെങ്കില്‍ ചിലപ്പോള്‍ പ്രതിപക്ഷമേ ഇല്ലയെന്നു വന്നേക്കാം.