കേട്ടാല്‍ അറയ്ക്കുന്ന പീഡന വാര്‍ത്തകളാല്‍ നിറയുന്നു നാട്ടിലെ വര്‍ത്തമാനം

നാട്ടിലെ വര്‍ത്തമാനങ്ങള്‍ കേട്ടാല്‍ ചെവിയുടെ ഡയഫ്രം അടിച്ചു പോകുമെന്ന അവസ്ഥയാണിപ്പോള്‍. ‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ അല്ല ഇത് ‘ഡെവിള്‍സ് ഓണ്‍ കണ്‍ട്രി’ ആണെന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെ ആയെങ്കിലും ഇത്രയും ഭീകരമായ അവസ്ഥ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഗോവിന്ദചാമിയും, അമീര്‍ ഉല്‍ അസ്ലമും ഒക്കെ വെറും നിസാരന്മാരാണെന്ന് ഇപ്പോള്‍ ആരും സമ്മതിക്കും.

മൂന്നു വയസുകാരി മുതല്‍ തൊണ്ണൂറുകാരി വരെ പീഡനത്തിന് ഇരയാവുന്ന നാടിന് ‘ദൈവത്തിന്‍റെ സ്വന്തം നാട്’ എന്ന പേര് വിളിച്ചാല്‍ മാനനഷ്ടത്തിന് കേസുകൊടുക്കാന്‍ ദൈവം കോടതിയിലെത്തിയേക്കാം. പത്രങ്ങളുടെ പേജുകളും ചാനലുകളുടെ ചര്‍ച്ചാസ്ലോട്ടുകളും പീഡന വാര്‍ത്തകള്‍കൊണ്ട്  നിറഞ്ഞു കവിയുകയാണ്.

വിഷയ ദാരിദ്ര്യം ഒരിക്കലും അലട്ടാത്ത കേരളത്തിലെ മാധ്യമങ്ങളോളം ഭാഗ്യമുള്ളവര്‍ ലോകത്തൊരിടത്തും കാണില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. സരിതാ നായരും, ലക്ഷ്മി നായരും, പിന്നെ മാധ്യമ പുലികളുടെ  ഭാവനയില്‍ വിരിയുന്ന കഥകളും വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും താല്പര്യമില്ലാത്ത വിഷയങ്ങളായപ്പോള്‍ അതാ വരുന്നു പീഡനങ്ങളുടെ പെരുമഴ.

പള്‍സറില്‍ ചുറ്റിക്കറങ്ങിയ കഥകള്‍ കേട്ടുമടുത്തപ്പോഴേക്കും വൈദികന്‍റെ ചൂടന്‍ പീഡനകഥ എത്തിക്കഴിഞ്ഞു. അതിന്‍റെ ചൂടാറും മുമ്പ് വാളയാറിലെ പിഞ്ചു കുട്ടികള്‍ പീഡനത്തിന് ഇരയായതും ആത്മഹത്യ ചെയ്തനിലയില്‍ കാണപ്പെട്ടതും വാര്‍ത്തകളില്‍ നിറഞ്ഞു. ആലുവയില്‍ മൂന്നും ഏഴും വയസുകരികളെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റുചെയ്തത് ലോക വനിതാ ദിനത്തില്‍ ആണെന്നതും എടുത്തു പറയണം.

ചരമവാര്‍ത്തകള്‍ക്കായി ഒരു പേജ് മുഴുവനും നീക്കിവയ്ക്കുന്ന ഒരു മലയാള പത്രത്തില്‍ കഴിഞ്ഞ ദിവസം മറ്റൊരുപേജ് മുഴുവനും നിറച്ചത് സ്ത്രീപീഡന വാര്‍ത്തകള്‍ കൊണ്ടായിരുന്നു. തിരുവനന്തപുരത്തെ അറുപത്തെട്ടുകാരി, വര്‍ക്കലയിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥിനി, ആലപ്പുഴയിലെ മൂക യുവതി, കഴക്കൂട്ടത്തെയും മണ്ണാര്‍ക്കാട്ടെയും പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട ബാലികമാര്‍, കാഞ്ഞങ്ങാട്ടെ അറുപതുകാരന്‍ പീഡിപ്പിച്ച ബാലിക, മൂവാറ്റുപുഴയിലെ അറുപതുകാരിയും പതിനഞ്ചുകാരിയും, അടൂരിലെ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടി……. ഇത്രയും വാര്‍ത്തകള്‍ പോരെ പേജ് നിറയാന്‍?

പീഡനവാര്‍ത്തകളങ്ങനെ നിറഞ്ഞൊഴുകുമ്പോള്‍ മറ്റൊരിടത്ത് സദാചാരപോലീസും, ചുംബന സമരവും അരങ്ങ് കൊഴുപ്പിക്കുന്നു. ഇതൊന്നും പോരാഞ്ഞ് രാഷ്ട്രീയ എതിരാളികളെ കത്തിമുനയില്‍ കാലപുരിക്കയക്കുന്ന അക്രമ രാഷ്ട്രീയം മറ്റൊരു വഴിക്കും. പോരെ പൊടിപൂരം.

“കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍” എന്നത് ഇന്നത്തെ അവസ്ഥ മുന്‍കൂട്ടികണ്ട് രോഷം കൊണ്ട് ചോരതിളച്ച കവി എഴുതിയതാകാം.